ഭോപ്പാൽ: മധ്യപ്രദേശിൽ ജയിൽ ഉദ്യോഗസ്ഥയും തടവ് പുള്ളിയും വിവാഹിതരായി. സത്ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനം കൊലപാതക കേസിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ഛത്താർപൂർ ജില്ലയിലെ ചാന്ദ്ല സ്വദേശിയുമായ ധർമേന്ദ്ര സിംഗുമാണ് കഴിഞ്ഞദിവസം വിവാഹിതരായത്.
ജയിലിലെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഫിറോസ ഖാത്തൂൻ ജയിലിൽ വാറണ്ട് ഇൻചാർജായി ജോലി ചെയ്യുന്നതിനിടെയാണ് ധർമേന്ദ്ര സിംഗിനെ കണ്ടുമുട്ടിയത്.
2007ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ധർമേന്ദ്ര. ജോലികളിൽ ധർമേന്ദ്ര സിംഗ് ജയിൽ അധികൃതരെ സഹായിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരും ദിവസവും കണ്ടുമുട്ടുകയും സൗഹൃദത്തിലാകുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി.
14 വർഷത്തെ ജയിൽവാസത്തിന് ശേഷം നാല് വർഷം മുമ്പാണ് ധർമേന്ദ്ര സിംഗ് മോചിതനായത്. പിന്നീട് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. മേയ് അഞ്ചിന് ഛത്താർപൂർ ജില്ലയിലാണ് വിവാഹം നടന്നത്.
മിശ്രവിവാഹമായതിനാൽ ഖാത്തൂനിന്റെ കുടുംബം എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ബജ്റംഗ്ദൾ പ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. സത്ന സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരും തടവുകാരും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.